ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ തലപ്പത്തേക്ക് മേജർ ജനറൽ റോമൻ ഗോഫ്മാനെ നിയമിച്ചു. 2026 ഏപ്രിൽ 13ന് ഇസ്രയേൽ ഗവൺമെന്റിന്റെ ഉന്നതതല സമിതി, നിയമനത്തിന് ഔദ്യോഗിക അംഗീകാരം നൽകി. നിലവിൽ മൊസാദ് മേധാവിയായി തുടരുന്ന ഡേവിഡ് ബാർണിയയുടെ കാലാവധി ഈ വർഷം ജൂലൈ രണ്ടിന് അവസാനിക്കും. തുടർന്ന്, ഡേവിഡ് ബാർണിയയുടെ പിൻഗാമിയായി റോമൻ ഗോഫ്മാൻ സ്ഥാനമേൽക്കും.
ബലാറസ് സ്വദേശിയായ ഗോഫ്മാൻ തൻറെ പതിനാലാം വയസ്സിൽ ഇസ്രയേലിലേക്ക് കുടിയേറുകയും ഇസ്രയേൽ സൈന്യത്തിൽ ചേരുകയും പിൽക്കാലത്ത് വലിയ റാങ്കുകളിലേക്ക് ഉയർത്തപ്പെടുകയും ആയിരുന്നു.
മൊസാദിന്റെ തലപ്പത്തേക്കുള്ള നിയമനങ്ങളുടെ പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമായി മൊസാദ് സംഘടനയുടെ പുറത്തുനിന്നുമുള്ള വ്യക്തിയെന്ന നിലയ്ക്ക് ഗോഫ്മാന്റെ നിയമനം ശ്രദ്ധേയമാണ്. മൊസാദ് സംഘടനയ്ക്കുള്ളിൽ നിന്നും പ്രവർത്തിച്ചു പരിചയമുള്ള, ഇന്റലിജൻസ് പ്രവർത്തനങ്ങളിൽ നേരിട്ട് വൈദഗ്ധ്യമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് സാധാരണ സംഘടനയുടെ തലപ്പത്ത് എത്താറുള്ളത്. മൊസാദ് സംഘടനയുടെ പഴയ ചിട്ടകളുടെ പൊളിച്ചെഴുത്തുകൾക്കും, ഉദ്യോഗസ്ഥലത്തിൽ വലിയ അഴിച്ചുപണികൾക്കും അദ്ദേഹം മുതിർന്നേക്കും എന്നാണ് സൂചനകൾ ഉള്ളത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അടുത്ത വിശ്വസ്തനും മിലിട്ടറി സെക്രട്ടറിയും കൂടിയാണ് ഗോഫ്മാൻ.
മൊസാദ് സംഘടനയെ പൂർണ്ണമായും തൻറെ നിയന്ത്രണത്തിൽ കീഴിൽ കൊണ്ടുവരുവാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഗോഫ്മാന്റെ നിയമനം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.



