ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സ പിഴവ് ആരോപണവുമായി പുന്നപ്ര സ്വദേശിയായ യുവതി രംഗത്ത്.അഞ്ചുവർഷം മുമ്പ് 2021-ൽ നടന്ന ശസ്ത്രക്രിയയിൽ യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണമായ കത്രിക മറന്നുവെച്ചുവെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും ആരോപണം.കഴിഞ്ഞ ദിവസം യുവതി എംആർഐ സ്കാനിംഗ് ചെയ്തപ്പോളാണ് കത്രിക വയറ്റിനുള്ളിൽ കുടുങ്ങിയ കാര്യം ബോദ്ധ്യപ്പെട്ടത്.
ഓപ്പറേഷന് ശേഷം കടുത്ത വയറുവേദനയെത്തുടർന്നു മെഡിക്കൽ കോളേജിൽ എത്തിയിരുന്നുവെങ്കിലും മൂത്രത്തിൽ കല്ലായിരിക്കുമെന്നാണ് പരിശോധിച്ചതിനു ശേഷം ഡോക്ടർ അഭിപ്രായപ്പെട്ടതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.
എന്നാൽ ഓപ്പറേഷൻ നടന്നത് 5 വർഷം മുമ്പാണെന്നും അന്ന് ഓപ്പറേഷന് നേതൃത്വം നൽകിയ ഡോക്ടർ സ്ഥലം മാറിപ്പോയെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.
ഗവണ്മെന്റ് TD മെഡിക്കൽ കോളേജിൽ വച്ച് പ്രസ്തുത യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്യൽ സർജറി നടന്നതു 2021-ൽ ആണെന്നും അന്ന് വയറ്റിൽകുടുങ്ങിയത് മോസ്ക്വിറ്റോ എന്ന സർജിക്കൽ ഉപകരണമാണെന്നും അത് അകത്തു കുടുങ്ങിയാലും 50 വർഷം വരെ ഒരുകുഴപ്പവും ഉണ്ടാകില്ലെന്ന ഗൈനെക്കോളജി വിഭാഗം വകുപ്പ് മേധാവി ലളിതാംബികയുടെ പ്രസ്താവനയ്ക്കെതിരെ ആരോഗ്യമന്ത്രി രംഗത്ത് വന്നു. ഈ പ്രസ്താവന സ്വന്തം ജോലിയോടുള്ള അനാദരവാണ് സൂചിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചു.
സംഭവത്തിൽ വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ഹരികുമാർ അറിയിച്ചിട്ടുണ്ട്.
ഉഷയുടെ തുടർന്നുള്ള ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.ഇക്കാര്യം ഉഷയുടെ മകനെ ഫോണിൽ വിളിച്ചു മന്ത്രി ഉറപ്പുകൊടുത്തിട്ടുണ്ടെന്നും സംഭവത്തിൽ സർക്കാർ ഉഷയുടെ കുടുംബത്തിനൊപ്പമാണെന്നും കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ ആരോഗ്യരംഗത്തിന്റെ അവസ്ഥ ദയനീയമാണെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷവും ശക്തമായി ആവശ്യമുന്നയിച്ചിട്ടുണ്ട്.
കത്രിക വയറ്റിൽനിന്നും നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയ കൊച്ചി അമൃത ഹോസ്പിറ്റലിൽ വച്ച് നാളെ നടത്തുമെന്നും നിലവിൽ അവിടുത്തെ ഗ്യാസ്ട്രോ വാർഡിൽ യുവതിയെ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്.



