തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി വി.ഡി. സതീശൻ കേരളത്തിന്റെ ഇരുപത്തിനാലാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർന്ന് മന്ത്രിസഭയിലെ 20 അംഗങ്ങളുടേയും സത്യപ്രതിജ്ഞ നടന്നു.
വി.ഡി. സതീശനു ശേഷം രണ്ടാമതായി പി.കെ. കുഞ്ഞാലിക്കുട്ടിയും അടുത്തത് രമേശ് ചെന്നിത്തലയുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
രാവിലെ 10.10 –ഓടുകൂടി ഗവർണർ രാജേന്ദ്ര അർലേക്കർ വേദിയിലെത്തി, തുടർന്ന് വന്ദേമാതരം ആലാപനത്തിനുശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്.
ചീഫ് സെക്രട്ടറി കെ. ജയതിലക് വി.ഡി സതീശനെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു, തുടർന്ന് ഗവർണർ അർലേക്കർ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു. വൻ കരഘോഷത്തോടെയാണ് വി.ഡി. സതീശനെ പ്രവർത്തകർ വരവേറ്റത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ, മുന്മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിക്കുവാൻ പ്രവർത്തകരുടെ വലിയൊരു നിര തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു.
നഗരത്തിന്റെ വിവിധഭാഗങ്ങളിൽ വലിയ സ്ക്രീനുകളിൽ സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം പ്രദർശിപ്പിച്ചിരുന്നു.



