ആത്മീയാചാര്യൻ, സാഹിത്യകാരൻ, ചിന്തകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നിങ്ങനെ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മുനി നാരായണ പ്രസാദ് (87) സമാധിയായി.
ഇന്ന് പുലർച്ചെ 3:55 നു തിരുവനതപുരം ഗോകുലം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ഭൗതിക ശരീരം വർക്കല ഗുരുകുല ആശ്രമത്തിൽ പൊതുദർശനത്തിന് ശേഷം വർക്കല നടരാജഗിരിയിൽ സമാധിയിരുത്തും.
നടരാജ ഗുരുവിന്റെയും നിത്യ ചൈതന്യയതിയുടെയും പിൻഗാമിയായ മുനി നാരായണ പ്രസാദ് ഇന്ത്യൻ തത്വചിന്ത, വേദാന്തം, ഗുരുദേവ ദർശനങ്ങൾ തുടങ്ങിയവയിൽ ആഴത്തിലുള്ള പാണ്ഡിത്യം നേടിയിരുന്നു. തന്റെ സാഹിത്യകൃതികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മുനി നാരായണ പ്രസാദ് ഇവയെ പ്രചരിപ്പിച്ചുപോന്നു. റഷ്യയിലെ മോസ്കോയിൽ നടന്ന ലോകമത വട്ടമേശസമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഭഗവദ്ഗീത, ഉപനിഷത്ത്, ശ്രീനാരായണഗുരുവിന്റെ ഗുരുവിന്റെ ആത്മോപദേശശതകം മറ്റ് ഗുരുദേവകൃതികൾ എന്നിവയ്ക്ക് വ്യാഖ്യാനം എഴുതിയിട്ടുണ്ട്.
സൗന്ദര്യലഹരിയുടെ വിവർത്തനത്തിന് 2014 ലും ആത്മകഥയായ ‘അത്മയാനം’ എന്ന കൃതിയ്ക്ക് 2018 ലും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
വിദ്യാഭ്യാസ, സാഹിത്യ മേഖലകളിലെ സംഭാവനകളെ മാനിച്ച് 2024 -ൽ രാജ്യം പദ്മശ്രീ ബഹുമതി നൽകി ആദരിച്ചിരുന്നു.
1938 ഡിസംബർ 8ന് ആറ്റിങ്ങലിലെ നാഗരൂരിൽ ആയിരുന്നു ജനനം.1958 ൽ വർക്കല ശ്രീനാരായണ ഗുരുകുലത്തിൽ ചേർന്നു. 1967 ൽ നടരാജഗുരുവിൽ നിന്നും ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ചു. അതേവർഷം തന്നെ സ്വാമി മംഗളാനന്ദയുടെ വിയോഗത്തെത്തുടർന്ന് ആശ്രമത്തിന്റെ ചുമതല ഏറ്റെടുത്തു. 1968 ൽ ധർമ്മപ്രചാരണം ആരംഭിച്ചു. 1985 ലാണ് നിത്യചൈതന്യയതിയിൽ നിന്നും സന്യാസം സ്വീകരിക്കുന്നത്. നിത്യചൈതന്യ യതിയുടെ സമാധിയ്ക്കു ശേഷം 1999 മുതൽ വർക്കല ശ്രീ നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനായി തുടർന്ന് വരികയായിരുന്നു.



