കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശ അടുത്ത സാമ്പത്തികവർഷം പരിഗണിക്കപ്പെട്ടേക്കുമെന്നു കേന്ദ്രത്തിന്റെ സൂചന.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയില്‍ (പിഎംഎസ്എസ്വൈ) എയിംസ് (AIIMS) ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പുണ്ട്.
കേരളത്തിലെ എയിംസിനു തത്വത്തിൽ അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം കേന്ദ്ര ധനമന്ത്രാലയത്തെ സമീപിച്ചതിനു മറുപടിയായി 2026-27 സാമ്പത്തിക വര്‍ഷത്തെ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പിഎംഎസ്എസ്വൈ) പദ്ധതിയില്‍ നിര്‍ദേശം മുന്നോട്ടുവയ്ക്കാന്‍ ധനമന്ത്രാലയം ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്.
വിവരാകാശ മറുപടിയിലാണ് ആരോഗ്യമന്ത്രാലത്തിന്റെ ഈ വിശദീകരണം വന്നിട്ടുള്ളത്.
സംസ്ഥാനത്ത് ബിജെപി യും ഇതരകക്ഷികളും എയിംസ് സംബന്ധിച്ചുള്ള വാക്പ്പോര് കടുക്കവേയാണ് ഇതുസംബന്ധിച്ച് കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം വന്നിട്ടുള്ളത്.
2014-ൽ കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നതിനു യോജിച്ച മൂന്നു സ്ഥലങ്ങൾ കണ്ടെത്തുവാൻ കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ടായിരുന്നു.
കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ കാന്തലാടിൽ 154.43 ഏക്കര്‍, കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, അതിരമ്പുഴ മേഖലകളിലായി 194.85 ഏക്കര്‍, തിരുവനന്തപുരം കാട്ടാക്കട നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിനു സമീപത്തായി 263.45 ഏക്കര്‍, എറണാകുളം ജില്ലയിലെ തൃക്കാക്കര നോര്‍ത്ത് പ്രദേശത്ത് 123.5 ഏക്കര്‍ എന്നീ പ്രദേശങ്ങൾ എയിംസ് സ്ഥാപിക്കുവാൻ അനുയോജ്യ സ്ഥലങ്ങളാണെന്ന് കേരള സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.



