ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ പഞ്ച് കുരങ്ങന്റേയും “പാവയമ്മ”യുടെയും കഥ ലോകമെമ്പാടും വൈറലായിരുന്നു. ജനിച്ചയുടൻതന്നെ അമ്മക്കുരങ്ങിനാൽ ഉപേക്ഷിക്കപ്പെട്ട പഞ്ചിനെ മൃഗശാലയിലെ മറ്റുകുരങ്ങുകളും കൂട്ടത്തിൽ കൂട്ടാതെ അവഗണിക്കുകയും ആട്ടിയോടിക്കുകയും ചെയ്തിരുന്നു. പെറ്റമ്മ പോലും ഇല്ലാതെ ഒറ്റപ്പെട്ടുപോയ പഞ്ചിന് കൂട്ടായി ഒരു ഒറാങ്ങ് ഗുട്ടാൻ പാവക്കുട്ടിയെ മൃഗശാല ജീവനക്കാർ അവന്റെ കൂട്ടിൽ വച്ചുകൊടുത്തു.ആ പാവയെ സ്വന്തം അമ്മയായി കണ്ടുകൊണ്ട് അതിനെ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും കൂടെ ഉറങ്ങുകയുമൊക്കെ ചെയ്യുന്ന പഞ്ച് കുരങ്ങന്റെ വീഡിയോകൾ ലോകം നെഞ്ചേറ്റിയിരുന്നു.
തന്റെ അമ്മപ്പാവയോടുള്ള പഞ്ചിന്റെ അകമഴിഞ്ഞ സ്നേഹപ്രകടനങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്.
അന്ന് ലോകത്തിന്റെ കണ്ണ് നനയിച്ച പഞ്ച് ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. അവനെ അകമഴിഞ്ഞ് സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തകളാണ് ഇപ്പോൾ ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.
പഞ്ച് ഇനി തനിച്ചല്ല! അവനു കൂട്ടായി ഒരു പെൺ കുരങ്ങ് എത്തിയിരിക്കുന്നു. മോമൊ ചാൻ എന്നാണ് അവളുടെ പേര്.
തന്റെ പുതിയ കൂട്ടുകാരിയുമായി കെട്ടിപ്പിടിച്ചും ഉമ്മവച്ചും ഉല്ലസിച്ചുനടക്കുന്ന പഞ്ചിന്റെ വിഡിയോകൾ ലോകമേറ്റെടുത്തുകഴിഞ്ഞു. രസകരമായ തലക്കെട്ടുകളോടെ, കമെന്റുകളോടെ, പഞ്ചിന്റേയും കൂട്ടുകാരി മോമൊ ചാന്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയ ആഘോഷിക്കുകയാണിപ്പോൾ.



