Advt 1
Crime India Top Trending US News

എൻഐഎ യുടെ പിടിയിൽ അകപ്പെട്ട മാത്യു വാൻഡൈക് അമേരിക്കൻ ചാരനോ?

ഇക്കഴിഞ്ഞ മാർച്ച് 13 നാണ് യുഎസ് പൗരൻ മാത്യു ആരോൺ വാൻഡൈക് (46) കൊൽക്കത്ത വിമാനത്താവളത്തിൽ വച്ച് എൻഐഎ യുടെ അറസ്റ്റിലാവുന്നത്. എൻഐഎ യുടെ നീക്കത്തിൽ ലക്‌നൗ, ഡൽഹി എയർപോർട്ടുകളിൽ വച്ച് 6 യുക്രൈൻ സ്വദേശികളും വലയിലായി. ഇന്ത്യാവിരുദ്ധ ശക്തികൾക്ക് പിന്തുണയും സൈനികപരിശീലനവും നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. ഇത്തരത്തിൽ ഇന്ത്യയിലേക്ക് കടന്ന പതിനഞ്ചോളം വിദേശികളിൽ എട്ടോളം പേര് ഇനിയും പിടിയിലാകേണ്ടതുണ്ട്, ഇവർക്കായി എൻഐഎ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം അനുസരിച്ച് സെക്ഷൻ 18 പ്രകാരമാണ് എൻഐഎ കേസ് എടുത്തിട്ടുള്ളത്. ചോദ്യംചെയ്യലിനായി ഡൽഹി കോടതി പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മാർച്ച് 27 വരെ പ്രതികൾ എൻഐഎ കസ്റ്റഡിയിൽ തുടരും.

വിനോദ സഞ്ചാര വിസയിൽ വിമാനമാർഗം ഇന്ത്യയിലെ ഗുവാഹത്തിയിൽ എത്തിച്ചേരുകയും അവിടെനിന്നും മതിയായ യാത്രാരേഖകളില്ലാതെ (പ്രൊട്ടക്ടഡ് ഏരിയ പെർമിഷൻ-PAP) മിസോറാമിൽ എത്തുകയുമായിരുന്നു. തുടർന്ന് മിസോറാമിൽ നിന്നും ചില ഏജന്റുമാരുടെ സഹായത്തോടെ ഇന്ത്യൻ അതിർത്തി കടന്നു മ്യാൻമറിൽ പ്രവേശിക്കുകയായിരുന്നു എന്നാണ് വിവരം.

ഇന്ത്യൻ അതിർത്തി കടന്ന് മ്യാൻമറിലെ തീവ്രവാദ സംഘങ്ങൾക്ക് ഡ്രോൺ യുദ്ധമുറകളും എ.കെ 47 ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുപയോഗിക്കാനുള്ള പരിശീലനവും നൽകിയെന്ന ഗുരുതരമായ കുറ്റമാണ് ഇവർക്കെതിരെ എൻഐഎ ചാർത്തിയിട്ടുള്ളത്. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഇന്ത്യാവിരുദ്ധ വിഘടനവാദികളുമായി മ്യാൻമറിലെ പ്രസ്തുത തീവ്രവാദ സംഘങ്ങൾക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.

യുഎസ് സംസ്ഥാനമായ മേരിലാന്റിലെ ബാൾട്ടിമോർ സ്വദേശിയാണ് മാത്യു വാൻഡൈക്. ഹുർബ പെട്രോ, സ്ലിവിയാക് താരസ്, ഇവാൻ സുക്മാനോവ്സ്കി, സ്റ്റെഫാനിവ് മരിയൻ, ഹോഞ്ചറുക് മാക്‌സിം, കാമിൻസ്‌കി വിക്ടർ എന്നിവരാണ് പിടിയിലായ യുക്രൈൻ പൗരൻമാർ.

തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ ഡോക്യുമെന്ററി സംവിധായകൻ, പത്രപ്രവർത്തകൻ, കോളമിസ്റ്, സൈനികൻ, അന്താരാഷ്ട്ര വ്യവസായി എന്നിങ്ങനെ വിവിധ വിശേഷങ്ങളാണ് മാത്യു വാൻഡൈക് സ്വയം നൽകിയിട്ടുള്ളത്. അമേരിക്കൻ സൈന്യവുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചനകളുള്ളത്.

2011 ലെ ലിബിയയിലെ ആഭ്യന്തരകലാപ സമയത്ത് വിമതപോരാളികൾക്കൊപ്പം നിന്ന് ഗദ്ദാഫിയുടെ ഭരണകൂടത്തിനെതിരെ പോരാടുകയും തടങ്കലിലാക്കപ്പെടുകയും ചെയ്തത്തോടെ ഇയാൾ രാജ്യാന്തര തലത്തിൽ കുപ്രസിദ്ധി നേടുകയായിരുന്നു. ലിബിയയ്ക്കു പുറമെ ഇറാക്ക്, യുക്രൈൻ എന്നിവിടങ്ങളിലും സംഘർഷകാലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് സംഘർഷ മേഖലകളിലെ സായുധ ഗ്രൂപ്പുകൾക്ക് തന്ത്രപരമായ ഉപദേശങ്ങളും സൈനിക പരിശീലനങ്ങളും നൽകുകയെന്ന ഉദ്ദേശത്തോടുകൂടി ‘സൺസ് ഓഫ് ലിബേർട്ടി ഇന്റർനാഷണൽ’ എന്ന പേരിൽ ഒരു സൈനിക കരാർ സംഘടനയും സ്ഥാപിച്ചു.

യൂറോപ്പിൽ നിന്നും ഇന്ത്യ വഴി മ്യാൻമറിലേക്ക് അനധികൃതമായി ഡ്രോണുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുകയും ഡ്രോൺ സാങ്കേതിക വിദ്യ, ഡ്രോൺ അസ്സെംബ്ളിങ്, ഡ്രോൺ ജാമിങ് സംവിധാനങ്ങൾ എന്നിവയിൽ മ്യാൻമറിലെ തീവ്രവാദ സംഘടനകൾക്ക് പരിശീലനം നൽകുകയും ചെയ്തു. സൈന്യത്തിന്റെ ‘സ്പെഷ്യൽ ഫോഴ്സ്’ മാതൃകയിൽ ഗറില്ലാ യുദ്ധരീതികളും സൈനിക ഓപ്പറേഷൻ മാതൃകയിലുള്ള നീക്കങ്ങൾക്കും കടുത്ത പരിശീലനം മ്യാൻമറിലെ തീവ്രവാദികൾക്ക് നൽകിവന്നിരുന്നതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണം നിലവിൽ പ്രാഥമിക ഘട്ടത്തിലാണെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല എന്നുമാണ് എൻഐഎ വിശദീകരണം.

മ്യാൻമറിലെ വംശീയ വിഘടന ഗ്രൂപ്പുകൾക്ക് പരിശീലനം നൽകുന്നതിനായി വിദേശികൾ ഇന്ത്യയിലെ മിസോറാം വഴി മ്യാൻമറിൽ എത്തുന്നുണ്ടെന്ന വിവരം മിസോറാം മുഖ്യമന്ത്രി ലാൽദുഹോമ കഴിഞ്ഞ വർഷം മാർച്ചിൽ വെളിപ്പെടുത്തിയിരുന്നു.

 

N4News

N4News

About Author

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.