ടി20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 50 പന്തിൽ 97 റൺസ് നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചുകൊണ്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ.
വെസ്റ്റ് ഇൻഡീസിനെതിരെ വിജയ റൺ നേടിയതിനു പിന്നാലെ ഹെൽമെറ്റും ബാറ്റും നിലത്തേക്കിട്ട് സഞ്ജു മുട്ടുകുത്തിനിന്നുകൊണ്ട് പ്രാർത്ഥിച്ചിരുന്നു.ഏറെ വൈകാരികമായിരുന്നു സഞ്ജുവിന്റെ ഈ വിജയാഹ്ലാദപ്രകടനം.
എന്നാൽ ഐസിസി പെരുമാറ്റചട്ടപ്രകാരം ഇത് ക്രിക്കറ്റ് ഉപകരണങ്ങളുടെ ദുർവിനിയോഗം, ലെവൽ -1 കുറ്റമായി കണക്കാക്കപ്പെടും. ഒന്നോ രണ്ടോ ഡിമെരിറ്റ് പോയിന്റുകളോ മാച്ച് ഫീയുടെ 50% പിഴയോ ഇതിനു ഐസിസി നിയമപ്രകാരം ലഭിക്കാവുന്നതാണ്.
ലെവൽ -2 ഗൗരവസ്വഭാവമുള്ള ലംഘന കുറ്റങ്ങൾക്കാണ്. ലെവൽ -2 നിയമലംഘനമായി പരിഗണിക്കപ്പെട്ടാൽ വലിയ തുക പിഴയോ ഒരു മത്സരത്തിൽ വിലക്കോ നേരിട്ടേക്കാം.
ഇങ്ങനെ സംഭവിച്ചാൽ സഞ്ജുവിന് സെമി ഫൈനൽ നഷ്ടപ്പെട്ടേക്കുമെന്ന് ആരാധകർ ആശങ്കപ്പെടുന്നു.
ഐസിസി നിയമപ്രകാരം സഞ്ജുവിന്റേത് ശിക്ഷ ലഭിക്കേണ്ടുന്ന തരത്തിലുള്ള നിയമലംഘനമാണോയെന്ന് അന്തിമമായി വിലയിരുത്തേണ്ടത് മാച്ച് റഫറി ആണ്. എന്നാൽ സഞ്ജുവിന്റെ വൈകാരിക വിജയാഹ്ലാദവും അതിന്റെ പശ്ചാത്തലവും പരിശോധിച്ചാൽ അത് ലെവൽ -2 ലംഘനങ്ങളിൽ പെടില്ലെന്നാണ് സൂചനകൾ.



