കൊല്ലം പരവൂരിൽ മത്സ്യത്തൊഴിലാളികളുടെ കമ്പവലയിൽ കുരുങ്ങി തിമംഗലസ്രാവ് കരയ്ക്കടിഞ്ഞു.
ഒമ്പതാം തീയതി രാവിലെ 7 മണിയോടെയാണ് പരവൂർ തെക്കുംഭാഗം മുസ്ലിം പള്ളിക്ക് സമീപം കമ്പവലയിൽ കൂറ്റൻ തിമിംഗലസ്രാവ് കുടുങ്ങിയത്. തൊഴിലാളികളും സർഫിംഗിന് എത്തിയ വിനോദസഞ്ചാരികളും സർഫിംഗ് ഗൈഡുമാരും ചേർന്ന് വല മുറിച്ച് സ്രാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
പരവൂർ ഫയർഫോഴ്സ് റെസ്ക്യൂ ടീം എത്തുകയും തിമിംഗലസ്രാവിന്റെ വാലിൽ വടംകെട്ടി ആഴമുള്ള ഭാഗത്തേക്ക് വലിച്ചു നീക്കിയും സ്രാവിന്റെ ശരീരം കടലിലേക്ക് ഉരുട്ടി നീക്കിയുമാണ് രക്ഷാദൗത്യം നിർവഹിച്ചത്.രക്ഷാദൗത്യത്തിന് ഒപ്പം കൂടിയ വിദേശ വനിതയ്ക്ക് സ്രാവിന്റെ വാലിന്റെ അടിയേറ്റു പരിക്കേറ്റിരുന്നു.
നാലു മീറ്റർ നീളമുണ്ടായിരുന്ന തിമിംഗലസ്രാവ് യാദൃശ്ചികമായി കമ്പവലയിൽ കുടുങ്ങുകയായിരുന്നു. 18 മീറ്റർ വരെ നീളവും 21 ടൺ വരെ ഭാരവും കൈവരിക്കുന്ന മത്സ്യമാണ് തിമിംഗലസ്രാവ്.
തിമിംഗല സ്രാവ് സംരക്ഷണത്തിനായി 2017 ൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വനംവകുപ്പുമായി സഹകരിച്ച് കേരളതീരത്ത് ക്യാമ്പയിൻ ആരംഭിച്ചിരുന്നു. കഴിഞ്ഞവർഷം കൊല്ലം തീരത്ത് ഒരു തിമിംഗലസ്രാവ് കരയ്ക്ക് അടിഞ്ഞ് മരണപ്പെട്ടിരുന്നു. അതിനെ തുടർന്ന് ബോധവൽക്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിരുന്നു.
മത്സ്യത്തൊഴിലാളികളുടെ വലനാശനഷ്ടങ്ങൾക്ക് പരിഹാരമായി 25000 രൂപ വരെ അടിയന്തര ധനസഹായം നൽകുന്ന സംവിധാനം വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഒരുക്കിയിട്ടുണ്ട്.



